Tuesday, April 26, 2016

sammaa vaayaamo



ബുദ്ധധമ്മത്തില്‍ ബാഹ്യ വസ്തുക്കളെ
വ്യക്തിയോട് ബന്ധിപ്പിക്കാതെ
വെറും ബാഹ്യവസ്തുക്കളായിമാത്രം
 കാണാന്‍ പരിശീലിപ്പിക്കുന്നു
===================================

സമ്മാ വായാമോ- ശരിയായ വ്യായാമം-
മനസ്സിന്‍റെ നിയന്ത്രണം
-----------------------------------------------------------

ശാരീരികമായ വ്യായമാമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മറിച്ച് മനസ്സിന്‍റെ നിയന്ത്രണത്തെ ഊന്നിപറയുകയാണ്‌ ചെയ്യുന്നത്.
മനസ്സ് , നാക്ക്, ശരീരം എന്നിവയാണല്ലോ സമസ്ത കര്‍മ്മങ്ങളിലും വ്യാപരിക്കുന്നത്. സ്വതവേ ഇവ ശരിയായി പ്രവര്‍ത്തിക്കുന്നില്ല. ശരിയായ നിഷ്ഠയും ആവര്‍ത്തിച്ചുള്ള പ്രയത്നവും കൂടാതെ ഇവയെ നേര്‍വഴിക്ക് നയിക്കാന്‍ കഴിയില്ല.ഇവയെല്ലാം ഒരുപോലെ ശീലത്തിനു വിധേയമാണ്.
 മുന്പ് ചെയ്തതുപോലെ പ്രവര്‍ത്തിക്കുകയത്രെ ഇവയുടെ സഹജമായ രീതി.അതിലേക്കുള്ള പ്രവണതകളാണ് വാസനകള്‍.അതിനാല്‍ ഇവയെ ശരിയായ മാര്‍ഗ്ഗത്തില്‍ സഞ്ചരിപ്പിക്കുന്നതിന് ഇടതടവില്ലാതെ പരിശ്രമം ആവശ്യമാണ്.
മനസ്സില്‍ അലതല്ലുന്ന ചിന്തകളെ സൂഷ്മമായി നിരീക്ഷിക്കുക, ബുദ്ധ ധമ്മത്തിനു ഇണങ്ങുന്നവയെ മാത്രം വാക്കുകളിലും പ്രവര്‍ത്തികളിലുമായി പ്രകാശിക്കാന്‍ അനുവദിക്കുക.അങ്ങിനെ അവയ്ക്ക് ക്രമേണ വളര്‍ച്ചയും കരുത്തും കൈവരുത്തുക.
പ്രതികൂലമായ ചിന്തകളെ കര്‍ശനമായി നിയന്ത്രിക്കുക.ഉന്മൂലനം ചെയ്യുക.ഇതിനുവേണ്ടിയുള്ള പ്രയത്നമാണ് സമ്മ വായാമം- അഥവാ ശരിയായ പരിശ്രമം.


  
സമ്മാ സതി- സമ്യക് സ്മൃതി-
ശരിയായ സ്മരണ
-----------------------------------------
ഇവിടെ വെറും സ്മരണയല്ല എന്ന് എടുത്തുപറയേണ്ടതുണ്ട്.കഴിഞ്ഞ അനുഭവങ്ങളില്‍ മാത്രം മനസ്സ് പ്രവര്‍ത്തിക്കുമ്പോള്‍ സ്മരണ ഉണ്ടാകുന്നു. അത്തരം അനുഭവങ്ങളോടൊപ്പം തന്നെ ചുറ്റുപാടുകളിലും മനസ്സ് ഉണര്‍ന്ന്‍ പ്രവര്‍ത്തിക്കുകയാണ് “സതി”.

ചഞ്ചലമായ മനസ്സിന്‍റെ
ജാഗരൂഗത തന്നെയാണ് “സതി”.
---------------------------------------------------
മോഷ്ടാവും, വ്യഭിചാരിയും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ തന്നെ.പഴക്കത്തിന്‍റെയും തഴക്കത്തിന്‍റെയും ഗതിയാണത്.
ബുദ്ധധമ്മത്തില്‍ ബാഹ്യ വസ്തുക്കളെ വ്യക്തിയോട് ബന്ധിപ്പിക്കാതെ വെറും ബാഹ്യവസ്തുക്കളായിമാത്രം കാണാന്‍ പരിശീലിപ്പിക്കുന്നു.ഇതിലൂടെ “സതി” ബാഹ്യവസ്തുക്കളുടെ പ്രലോഭനശക്തിയോട് എതിരിടാന്‍ മനസ്സിനെ തുണക്കുന്നു.
ജീവിത ലക്ഷ്യത്തെയും , പദാര്‍ത്ഥങ്ങളുടെ “ദുഃഖം, അനിത്യം, അനാത്മ’ എന്ന സ്വരൂപത്തെയും “സതി” വഴുതി പോകാതെ മുറുകെപിടിച്ച് മനസ്സിന് മുന്പില്‍ സമര്‍പ്പിക്കുന്നു.അങ്ങിനെ ചെയ്തെങ്കിലേ അത് സമ്മാസതി ആകു എന്ന് ഭഗവാന്‍ ബുദ്ധന്‍ ഉപദേശിക്കുന്നു.

======================
ഹരിദാസ്‌ ബോധ്
keralamahabodhi@gmail.com

No comments: