Monday, April 18, 2016

Buddhism leads to truth



അന്ധവിശ്വാസം പ്രചരിപ്പിച്ച്
ആത്മീയത വളര്‍ത്തിയവര്‍
എന്നും ബുദ്ധനെതിരായിരുന്നു.
===========================


ഭഗവാന്‍ ബുദ്ധന്‍റെ ഉപദേശങ്ങളില്‍ എമ്പാടും യുക്തിയുക്തത തിളങ്ങുന്നു.ആയതിനാല്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആത്മീയതുടെ പേരില്‍ പ്രചരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുന്നവേരെല്ലാം അന്നത്തെപോലെ ഇന്നും ബുദ്ധനെതിരാണ്.
ബുദ്ധന്‍റെ ഈ യുക്തിയുക്തത സന്ദര്‍ഭമനുസരിച്ച് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന പല രൂപങ്ങളും കൈവരിച്ചു.പരമാര്‍ത്ഥങ്ങള്‍ ഹൃദയംഗമാക്കി.ജിജ്ജാസുക്കളില്‍ ബോധത്തിന്‍റെ വെളിച്ചം തെളിയിക്കുക എന്നതായിരുന്നു ഭഗവാന്‍ ബുദ്ധന്‍റെ ഉദ്ദേശലക്‌ഷ്യം.
അത്ഭുതസിദ്ധികള്‍ പ്രകടിപ്പിച് ശിഷ്യസമ്പത്ത് ഉണ്ടാക്കിയില്ല
---------------------------------------------------------------------------------------------
നിരന്തരമായ ധ്യാനമുറകളിലൂടെയും, ജീവിതചര്യകളിലൂടെയും, അത്ഭുതസിദ്ധികള്‍ പലതും ബുദ്ധന്‍ നേടിയിരുന്നുവെങ്കിലും അവയിലെ ചെപ്പടിവിദ്യ ഉപയോഗിച്ച് ശിഷ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതില്‍ ഭഗവാന്‍ ബുദ്ധന് താല്പര്യം ഉണ്ടായിരുന്നില്ല.മാത്രമല്ല, സിദ്ധികള്‍ പ്രകടിപ്പിച്ച് കാണികളെ പരിഭ്രമിപ്പിച്ച ശിഷ്യന്മാരെ കര്‍ശനമായി താക്കീത് നല്‍കുകയും അവ പ്രദര്‍ശിപ്പിച്ച് പോകരുതെന്ന് ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്.ഭഗവാന്‍ ബുദ്ധന്‍റെ ഈ മനോഭാവം എത്ര ശാസ്ത്രീയമാണെന്ന് കാണുക.
ബുദ്ധനുശേഷം രൂപം കൊണ്ട ഒരു മതത്തിലെ ആചാര്യന്‍ മരിച്ചവരെ ഉയര്‍ത്തെഴുന്നേല്പ്പിക്കുമായിരുന്നത്രേ. ഇത്തരം കാര്യങ്ങള്‍ പരുഷമായ ചര്‍ച്ചകള്‍ക്കുപോലും വിധേയമായിട്ടുണ്ട്.



സത്യാവസ്ഥയുടെ വെളിച്ചം ബോധ്യപെടുത്തി.
----------------------------------------------------------------------


തന്‍റെ ഒരേയൊരു ആണ്‍കുട്ടിയുടെ മരണം കൊണ്ട് ദുഖിതയായ ഒരു യുവതിയുടെ ആവലാതി ഭഗവാന്‍ ബുദ്ധന് നേരിടേണ്ടി വന്നിട്ടുണ്ട്.
അഗാതമായ ദുഖംകൊണ്ട് വീര്‍പ്പുമുട്ടിയ അവള്‍ ബുദ്ധന്‍റെ മുന്നില്‍ തന്‍റെ മകന്‍റെ ചേതനയറ്റ ശരീരംവെച്ചിട്ട് ജീവിപ്പിക്കണേയെന്നു കേണപേക്ഷിച്ചു.ബുദ്ധന് ആ അമ്മയുടെ ദുഖത്തിന്‍റെ കാരണം എന്തെന്ന് മനസ്സിലായി.ഉപദേശവും നല്‍കി. “ ഒന്ന് ചെയ്താല്‍ കഴിഞ്ഞു. ഒരുപിടി കടുക് കൊണ്ടുവരു. പക്ഷെ ആരും മരിച്ചിട്ടില്ലാത്ത ഒരു വീട്ടില്‍ നിന്നായിരിക്കണം അത് കൊണ്ടു വരേണ്ടത്”. അത്യന്തം ദുഖിതയായ ആ മാതാവിന് അത് നിസ്സാരമായിതോന്നി.വീട് തോറും കയറി അന്വേഷണം തുടങ്ങി.കടുകിന് പ്രയാസമില്ല, എന്നാല്‍ ആരും മരിച്ചിട്ടില്ലാത്ത വീട് കാണാന്‍ കിട്ടുകയില്ലല്ലോ. ക്രമേണ അവളുടെ മനസ്സില്‍ സത്യാവസ്ഥയുടെ നേരിയ വെളിച്ചം കിട്ടി.മരണത്തിന് ഒരിടത്തും മടുപ്പില്ലെന്നു അവള്‍ക്ക് ബോദ്ധ്യപെട്ടു.മരണം ജീവിതത്തിന്‍റെ നിഴലാണെന്നും അവള്‍ കണ്ടറിഞ്ഞു.അങ്ങിനെ പ്രസംഗം കൂടാതെ ഭഗവാന്‍ ബുദ്ധന്‍ മരണ തത്ത്വം ആ യുവതിക്ക് ബോധ്യപെടുത്തികൊടുത്തു.



ലഹളകൂടിയ ശിഷ്യന്‍മാരെ യോജിപ്പിച്ചരീതി
-----------------------------------------------------------------------
പരസ്പരം ലഹളകൂടിയ ചില ശിഷ്യന്മാരോട് ബുദ്ധഭഗവാന്‍ സ്വീകരിച്ച രീതി ഫലപ്രദവുമായി.
നിസ്സാരമായ കാരണം പറഞ്ഞു ഒരു ഭിക്ഷുവിനെ സംഘത്തിലെ ചിലര്‍ ബഹിഷ്കരിച്ചു.അയാളുടെ കൂടെ ചേരാനും ചില ഭിക്ഷുക്കള്‍ തയ്യാറായി.അങ്ങിനെ ഭിക്ഷുക്കള്‍ക്കിടയില്‍തന്നെ ചെരിതിരുവ് ഉണ്ടായി.ഭഗവാന്‍ ബുദ്ധന്‍ ഇരുകൂട്ടരെയും ഉപദേശിച്ചു. അവരുടെ കൂടെചെന്ന് താമസിച്ചു.പക്ഷെ ഫലമുണ്ടായില്ല.അപ്പോള്‍ പ്രായോഗിക വിചക്ഷണനായ ഭഗവാന്‍ ബുദ്ധന്‍ നിസ്സഹകരണവൃതം കൈകൊണ്ട്, ക്ഷമയില്ലാത്ത ആ ഭിക്ഷുസംഘത്തെ ഉപേക്ഷിച്ചുപോയി.ക്രമേണ സ്ഥലവാസികള്‍ക്ക്‌ തമ്മിതല്ലികളായ ആ ഭിക്ഷുക്കളോട് അവജ്ജ്ഞയും വെറുപ്പും തോന്നി.അവരെ ആരും ശ്രദ്ധിക്കാതെയായി.ഒടുവില്‍ ആ സാഹചര്യത്തിന്‍റെ ഞെരുക്കത്തില്‍പെട്ട് അവര്‍ കലഹം ഒതുക്കി യോജിച്ച് കഴിയാന്‍ തുടങ്ങി.
====================
ഹരിദാസ് ബോധ്

No comments: