Wednesday, April 13, 2016

ഭഗവാൻ ബുദ്ധനിൽ ലോകം കാണുന്ന മാസ്മരിക ശക്തി എന്താണ്?



 വ്യക്തികളുടെ ദർശനങ്ങളിലും അനുഭൂതികളിലും കെട്ടിപ്പെടിത്തിട്ടുള്ള മതങ്ങളെ കുറിച്ച് മനസ്സിലാകാൻ ശ്രമിക്കുമ്പോൾ ആ മത സ്ഥാപകരുടെ സ്വഭാവവും ,കാഴ്ചപാടും നേട്ടങ്ങളും കൂടി പഠനവിഷയമാക്കിയില്ലെങ്കിൽ ആ അറിവ് അപൂർണ്ണമാകാനേ തരമുള്ളൂ.

ഇവിടെ മറ്റു മത സ്ഥാപകരുടെ വ്യക്തിത്ത്വത്തെ കുറിച്ച് വിശകലനം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.ബുദ്ധമത സ്ഥാപകനായ ബുദ്ധനെ കുറിച്ചു ചില ശ്രദ്ധേയമായ സംഗതികൾ ചൂണ്ടികാണിക്കുകമാത്രമാണ് ഉദ്ദേശിക്കുന്നത്.

ബുദ്ധമതത്തിനു ലോക ചരത്രത്തിലുള്ള സ്ഥാനം നിർണ്ണയിക്കുന്നതിനു ഭഗവാൻ ബുദ്ധന്റെ വ്യക്തി മാഹാത്മ്യം വിശകലനം ചെയ്യുക അത്യാവശ്യമായി വന്നു ചേരുന്നു.ഈ മതം ജന്മംകൊണ്ട ഇന്ത്യയിൽ ഭഗവാൻ ബുദ്ധന്റെ ദർശനങ്ങളെ ബോധപൂര്വ്വം ചില കോണുകളിൽ നിന്നും അകറ്റി നിർത്താനും ,തെറ്റിദ്ധരിപ്പിക്കാനുമുള്ള  ശ്രമം ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും .

രണ്ടായിരത്തി അഞ്ഞൂറിലധികം വർഷങ്ങളായി കോടാന കോടി ജനനങ്ങളെ തുടർച്ചയായി ആകർഷിച്ച് അവരുടെ ആരാധനയും ഉള്ളഴിഞ്ഞ സ്നേഹവും സമാർജ്ജിച്ച മറ്റൊരു വ്യക്തിത്വം ലോക ചരിത്രത്തിൽ ഉണ്ടായിട്ടില്ല .വമ്പിച്ച മാസ്മര ശക്തിയുടെ രഹസ്യം നിസ്തുലമായ ആ ജീവിതത്തിന്റെ സ്വതന്ത്രവും പൂർണ്ണവുമായ വികാസത്തിൽ തന്നെ തേടണം.

അവ്യക്തമായതും ഏതോ സ്വർഗീയ മേൽകോയ്മയുടെ പ്രത്യേക പരിഗണന ലഭിക്കുകയും മറ്റുള്ളവരെ അപേക്ഷിച്ച് വളരെ ഉയര്ന്ന നിലയിൽ എത്തിയ ദീർഘ ദർശിനികളും പ്രവാചകന്മാരും ,ഋഷിമാരും മത സ്ഥാപകരുമാണ് ഭൂരിപക്ഷം മത ഗ്രന്ഥങ്ങളിലും വിശദീകരിക്കപെട്ടിട്ടുള്ളത്.ഇക്കൂട്ടരുടെ അലൗകികമായ മഹത്വം നമ്മെ പരിഭ്രമിപ്പിക്കുന്നു .ചിന്താശീലരെ അത്ഭുതപെടുത്തുന്നു .ഈശ്വരൻമാരുമായി നേരിട്ട് ഇടപാട് നടത്തികൊണ്ടിരിക്കുന്ന പല ദീർഘദർശിനികളെ കുറിച്ചും പല മത ഗ്രന്ഥങ്ങളിലും കാണാം.ചിലർ ദൈവത്തിന്റെ പുത്രന്മാരാണ് ,ചിലർ ദൈവത്തിന്റെ പ്രമാണികാരാണ് ,ചിലർ ദൈവം തന്നെയാണ്.അവർ തങ്ങളുടെ പ്രത്യേകമായ ഈ വലിപ്പം സ്വയം പ്രഖ്യാപിച്ചിട്ടുണ്ട് .

 എന്തോ വലിയ മഹത്വം തന്നിലുണ്ടെന്ന് ബുദ്ധൻ സ്വയം പ്രഖ്യാപിച്ചില്ല .

ബുദ്ധന്റെ ചരിത്രത്തിലേക്ക് കണ്ണോടിച്ചാൽ കാണുന്ന ഏറ്റവും വലിയ വ്യത്യാസം എന്തെന്ന് വെച്ചാൽ -മറ്റാളുകൾക്ക് സാധിക്കാൻ വയ്യാത്ത എന്തോ ഒന്ന് സ്വയം നേടിയെന്ന് പ്രഖ്യാപിച്ചില്ല എന്നതാണ്.
മാത്രമല്ല വളരെ പ്രധാനപെട്ട ഒരു സംഗതി കൂടിയുണ്ട്.ഞാൻ നേടിയ സിദ്ധികൾ (നിർവ്വാണ അവസ്ഥ)സ്വ പ്രയത്നം കൊണ്ട് മറ്റുള്ളവർക്കും നേടാവുന്നതേയുള്ളു എന്നുകൂടി പ്രഖ്യാപിച്ചു .

ആധ്യാത്മികമായ സമത്വം ,അപാരമായ വിനയം,നിസ്തുലമായ ജീവിത വിജയത്തിന്റെ, അതായത് ആർക്കും സാധിക്കാവുന്ന നിർവ്വാണ പ്രാപ്തി , ഇവയൊക്കെയാണ് ഭഗവാൻ ബുദ്ധനെ സ്വതന്ത്ര മനുഷ്യരുടെ മനസ്സിൽ ഇത്രമാത്രം പൂജ്യനും, സ്നേഹത്തിന് അർഹതയുള്ള വ്യക്തിത്വത്തിന്റെ ഉടമയാക്കിയും മാറ്റിയത് .

(പരിവ്രാജകവൃത്തിയിലേക്ക് (സന്യാസത്തിലേക്ക് )നയിച്ച സാഹചര്യങ്ങൾ.

സിദ്ധാർത്ഥ  രാജകുമാരനിൽ നിന്നും ഭഗവാൻ ബുദ്ധനിലേക്കുള്ള വളർച്ചയിൽ ആ കാലഘട്ടത്തിലെ പരിത സ്ഥിതികൾ വളരെയധികം പ്രാധാന്യം വഹിച്ചിട്ടുണ്ട്.മനുഷ്യരെ ഭിന്നിപിച്ച് ചൂഷണം ചെയ്യുന്ന ചാതുർവണ്ണ്യ വ്യവസ്ഥിതി ,ജന്തു ഹിംസ നിറഞ്ഞ യാഗപരിപാടികൾ, മതത്തിന്റെയും ദൈവത്തിന്റെയും  പേരിൽ അനുഷ്ടിച്ചുപോന്ന ദുഷിച്ച ആചാരങ്ങൾ, "സ്വർഗ്ഗ"വും അത്ഭുതസിദ്ധികളും കൈകലാക്കാൻ വേണ്ടി ശരീരത്തെയും, മനസ്സിനെയും സ്വയം പീഡിപ്പിച്ച് നടന്നിരുന്ന ഒട്ടേറെ ആളുകൾ,ഇതുകൂടാതെ അന്ന് നിലനിന്നു വന്ന 59 ഓളം വ്യത്യസ്ഥമായ മത ആചാരങ്ങളുടെ പേരിലുള്ള വാദപ്രതിവാദങ്ങളും, ആശയ കുഴപ്പങ്ങളും ഉള്ള ജീവിത ദർശനങ്ങൾ. അവയിലേക്ക് ജനങ്ങളെ വ്യാമോഹിപ്പിച്ചു തങ്ങളുടെ അനുയായികളാക്കി മാറ്റാനുള്ള  ശ്രമങ്ങൾ. ഇവയെല്ലാം ഒരുവശത്ത് .

ഇവരുടെ ഇടയിൽ ,എന്നാൽ തെല്ലൊന്ന് അകന്ന് രാജകീയമായ ഒരു  ജീവിതവൃത്തി അവലംബിച്ച സിദ്ധാർത്ഥ രാജകുമാരൻ ,ചുറ്റുപാടുകളുടെ സമ്മർദ്ധത്താൽ യൗവ്വനത്തിൽ ഗംഭീരമായ ജീവിത പ്രശ്നങ്ങളിൽ ശ്രദ്ധചെലുത്തിയത്തിൽ അത്ഭുതമില്ല.അച്ഛന്റെ കുലമായ ശാഖ്യരും, അമ്മയുടെ കുലമായ കൊളിയവംശരും തമ്മിൽ അവരുടെ രാജ്യത്തിന്റെ അതിർത്തിയായി പരിഗണിച്ചിരുന്ന രോഹിണി എന്ന നദിയിൽ നിന്നും വെള്ളം എടുക്കുന്നത് സംബന്ധിച്ച് വർഷങ്ങളായി നില നിന്ന് പോരുന്ന തർക്കങ്ങളും രക്ത ചൊരിച്ചലുകളും.
ഇക്കാര്യങ്ങൾ രമ്യമായി പരിഹരിക്കാൻ സിദ്ധാർത്ഥ രാജകുമാരാൻ നടത്തിയ ശ്രമങ്ങളും അതിനുള്ള തിരിച്ചടികളും.ഇതൊക്കെ  അദ്ദേഹത്തിന്റെ ഉദാത്തമായ സ്വഭാവത്തിന് ലഭിച്ച ആഘാതങ്ങളാണ്.മനുഷ്യരുടെ മനസ്സിൽ ഉള്ള ഇത്തരം  സ്വാർത്ഥതകൾ അദ്ദേഹത്തെ പരിവ്രാജക വൃത്തിയിലേക്ക് നയിച്ച ഒരു പ്രധാന ഘടകമാണ് .

കെട്ടുകാഴ്ച്ചകളോടുള്ള വിരക്തി.

ഏകമകൻ തനിക്കു നഷ്ടപെടുമോ എന്ന് ചിന്തിച്ച അച്ഛൻ സുദ്ധോദന രാജാവ് മകന് നൽകിയ അമിത വാത്സല്യം ,
ഇതിനായി കൃതൃമമായി സൃഷ്ടിച്ച ആ "സ്വർഗ്ഗ"ത്തിലേക്ക് പരുഷമായ യാഥാർത്ത്യങ്ങളുടെ അല അടിച്ച് കയറി .
ജീവിതത്തിലെ മൃദുലവും ആകർഷകവുമായ വശങ്ങൾ,ഉപരിപ്ലവങ്ങളായ  അനുഭൂതികൾ എന്നിവയെല്ലാം സിദ്ധാർത്ഥൻ യൗവ്വനത്തിൽ തന്നെ തിരിച്ചറിഞ്ഞു.സ്വതവേ ധീരവും ഗംഭീരവുമായ ആ സ്വഭാവം, താൻ അനുഭവിച്ചുവന്ന കെട്ടുകാഴച്ചകളോടുകൂടിയ ദുസ്സഹമായ സമ്മർദ്ധത്തിൽ നിന്നും കുതറി ഒഴിയുവാൻ അദ്ദേഹത്തെ  പ്രേരിപ്പിച്ചു.കൂടാതെ സമൂഹത്തിലെ മനുഷ്യരിൽ കാണുന്ന അനിവാര്യമായ ദുരിതങ്ങൾ പരിവ്രാചക വൃത്തിയിലേക്കുള്ള അദ്ദേഹത്തിനുള്ള അന്തിമ പ്രചോദനമായി മാറി. ഈ യാഥാർത്ത്യങ്ങൾക്ക് മുന്നിൽ അച്ഛൻ ശുദ്ധോധന രാജാവിന്റെ അതികരുണമായ അപേഷകൾക്ക് മകൻറെ ലോകപരിത്യാഗ നിശ്ച്ചയത്തെ കുലുക്കുവാൻ കഴിഞ്ഞില്ല.

സിദ്ധാർത്ഥൻ പറഞ്ഞു:
"ജീവിതം മരണത്തിൽ കലാശിക്കും ,ആരോഗ്യം രോഗത്തിനിരയാക്കും ,ജരയും നരയും യൗവ്വനത്തെ തച്ചുടക്കും,ഒടുവിൽ വിനാശ ഗർത്തത്തിൽ പതിക്കും.ഇതെല്ലാം ഒഴിവാക്കാമെങ്കിൽ ,ജീവിത രഹസ്യം ആരായുവാൻ തപോവനത്തിലേക്കു കടക്കാതെ കഴിക്കാം ".
ഇവിടെ സിദ്ധാർത്ഥ രാജകുമാരന്റെ വിവരണം കൃത്യമാണ്.സമൂഹത്തിലെ എല്ലാവരും അനുഭവിക്കുന്ന പ്രശ്നങ്ങളാണിത് .

രാജ്യങ്ങൾ തമ്മിലുള്ള രക്ത ചൊരിച്ചലുകൾ അപൂർവ്വമായ കാര്യമാണ്.എന്നാൽ മനസ്സുകൾ തമ്മിലുള്ള സംഘർഷം സർവ്വസാധാരണമാണ് .ഇതിന്റെ കാരണമെന്ത് ?

ഐഹിക സുഖങ്ങളിൽ മോഹിച്ച് നട്ടംതിരിയുന്നതുപോലെ പരമാർത്ഥ അന്യേഷണത്തിന് ബാധകമായി മറ്റൊന്നുമില്ല .സിദ്ധാർത്ഥന് ഈ സംഗതി ബോധ്യമായി.സംസാര ചക്രത്തിലെ ഒരു കണ്ണിയാണ് താനെന്നും മനസ്സിലാക്കി.ലോകത്തിനുവേണ്ടി സ്വപുത്രൻ രാഹുലനെയും , ഭാര്യയെയും, രാജകുലത്തെയും ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായി.ബുദ്ധനിൽ മാത്രം കണ്ട അത്യപൂർവ്വമായ ഒരു സവിശേഷതയാണിത്‌ .ഏറ്റവും വലിയ പരിത്യാഗമായി ലോകം ഇതിനെ കാണുന്നു.അതാണ്‌ ഇന്നും ഭഗവാൻ ബുദ്ധൻ എന്ന വ്യക്തിത്വത്തിൽ നില നിന്നുവരുന്ന മാസ്‌മരിക ശക്തി.

ഹരിദാസ് ബോധ്

No comments: